ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കൊല്ലം ജില്ലയുടെ വടക്കുപടിഞ്ഞാറു ഭാഗത്തായി കരുനാഗപ്പള്ളി ടൌണില്‍നിന്ന് ഏതാണ്ട് 11 കി.മീ. കിഴക്കുമാറി ശാസ്താംകോട്ട പഞ്ചായത്ത് സ്ഥിതിചെയ്യുന്നു. 1962-ല്‍ ആണ് ശാസ്താംകോട്ട പഞ്ചായത്തു രൂപംകൊണ്ടത്. അതിനുമുമ്പ് ഈ ഗ്രാമം പോരുവഴിപഞ്ചായത്തിന്റെ ഭാഗമായിരുന്നു. പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ് കൊച്ചുതുണ്ടില്‍ ഗോപാലപിള്ളയായിരുന്നു. അന്ന് വൈസ് പ്രസിഡന്റായിരുന്ന എ.ഹമീദുകുഞ്ഞ് പിന്നീട് ദീര്‍ഘകാലം പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 1982 ല്‍ പത്തനംതിട്ട ജില്ല രൂപീകൃതമായപ്പോള്‍ അന്നുണ്ടായിരുന്ന കുന്നത്തൂര്‍ താലൂക്ക് വിഭജിക്കപ്പെട്ടു. ശാസ്താംകോട്ട, മൈനാഗപ്പള്ളി, പടിഞ്ഞാറെക്കല്ലട, പോരുവഴി, ശൂരനാട് തെക്ക്, ശൂരനാട് വടക്ക് എന്നീ ഏഴുപഞ്ചായത്തുകള്‍ ചേര്‍ന്നതാണ് പുതിയ കുന്നത്തൂര്‍ താലൂക്ക്. കുന്നത്തൂര്‍ താലൂക്കില്‍ മുമ്പുണ്ടായിരുന്ന ബാക്കി ഭാഗങ്ങള്‍ പത്തനംതിട്ട ജില്ലയുടെ ഭാഗമായ അടൂര്‍ താലൂക്കില്‍ കൂട്ടിച്ചേര്‍ത്തു. കുന്നത്തൂര്‍ താലൂക്കിന്റെ ആസ്ഥാനം ശാസ്താംകോട്ടയാണ്. കേരളത്തിലെ ഒരു ഹെല്‍ത്ത് റിസോര്‍ട്ടു കൂടിയായ ഈ ഗ്രാമം എണ്ണിയാലൊടുങ്ങാത്ത ചരിത്ര വിസ്മയങ്ങളുടെ കേദാര ഭൂമിയാണ്. ഒട്ടേറെ ചരിത്ര സാംസ്കാരിക നായകന്മാര്‍ നവോത്ഥാനപ്രസ്ഥാനങ്ങളില്‍ പങ്കെടുത്ത് നാടിന്റെ യശ്ശസ് ഉയര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. “കോട്ടേപീലി” യും “കോട്ടേലെച്ചിമി” യും മണ്‍മറഞ്ഞുപോയെങ്കിലും ഇന്നും മിത്തുകളായി ജനഹൃദയങ്ങളില്‍ അവേശേഷിക്കുന്നു. ചരിത്രപ്രാധാന്യമുള്ള പാരമ്പര്യത്തിനും പ്രാചീനതയ്ക്കും പേരുകേട്ടതാണ് ശ്രീധര്‍മ്മശാസ്താവിന്റെ കോട്ടയായ ശാസ്താംകോട്ട. പണ്ട് കായംകുളം രാജാവിന്റെ അധീനതയില്‍പെട്ട പ്രദേശമായിരുന്നു ശാസ്താംകോട്ട. തിരുവിതാംകൂര്‍ രാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് കായംകുളം രാജാവിനെ തോല്‍പ്പിച്ച് കായംകുളം തിരുവിതാംകൂറിന്റെ ഭാഗമാക്കിയപ്പോള്‍ ശാസ്താംകോട്ട തിരുവിതാംകൂറിന്റെ ഭാഗമായി മാറി. കേരളത്തിന്റെ തനതു കലാ സമ്പത്തും, അനുഷ്ഠാനകലയുമായ കഥകളിയ്ക്കും കര്‍ണ്ണാടക സംഗീതത്തിനും പ്രസിദ്ധമായ പ്രദേശമാണ് ശാസ്താംകോട്ട പഞ്ചായത്തിലെ മുതുപിലാക്കാട്.