ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഭൂമിശാസ്ത്രം

കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ താലൂക്കിലെ ശാസ്താംകോട്ട ബ്ളോക്കിലുള്ള ഗ്രാമപഞ്ചായത്താണ് ‘ശാസ്താംകോട്ട’. ശാസ്താംകോട്ട വില്ലേജില്‍ മുതുപിലാക്കാടിന്റെ വടക്കുഭാഗവും പോരുവഴി വില്ലേജിന്റെ കുറച്ചുഭാഗവും ശാസ്താംകോട്ട പഞ്ചായത്തില്‍ ഉള്‍പ്പെടുന്നു. കടപുഴ പാലം കൊല്ലം താലൂക്കുമായി ഈ പഞ്ചായത്തിനെ ബന്ധിപ്പിക്കുന്നു. സാമാന്യം തിരക്കേറിയ കുന്നത്തൂര്‍ താലൂക്കിന്റെ ആസ്ഥാനമായ ശാസ്താംകോട്ട ഠൌണാണ് പഞ്ചായത്തിന്റെ ഹൃദയഭാഗം. ശാസ്താംകോട്ട പഞ്ചായത്തിന്റെ മൊത്തവിസ്തീര്‍ണ്ണം 244.00 ഹെക്ടര്‍ ആണ് (24.42 ച.കി.മീ). ”ശാസ്താംകോട്ട പഞ്ചായത്ത്” ദക്ഷിണ മദ്ധ്യമേഖലാ കാര്‍ഷിക കാലാവസ്ഥാ ഇനത്തില്‍പ്പെടുന്ന പഞ്ചായത്തുകളിലൊന്നാണ്. ഭൂപ്രകൃതി അനുസരിച്ച് ഇടനാട് മേഖലയിലാണ് ശാസ്താംകോട്ട  പഞ്ചായത്ത് വരുന്നത്. 16.76 ശതമാനത്തോളം ശാസ്താംകോട്ട കായലും 3.91% ത്തോളം ചേലൂര്‍ കായലും വ്യാപിച്ചു കിടക്കുന്നു. വടക്കുഭാഗത്ത് പോരുവഴി പഞ്ചായത്തും കിഴക്കുഭാഗത്ത് കുന്നത്തൂര്‍ പഞ്ചായത്തും, തെക്കുഭാഗത്ത് പടിഞ്ഞാറേ കല്ലട പഞ്ചായത്തും, തെക്കു കിഴക്കുഭാഗത്ത് 5.3 കി.മീ നീളത്തില്‍ കല്ലടയാറും, പടിഞ്ഞാറു വശത്ത് ശൂരനാട് തെക്ക്, മൈനാഗപ്പള്ളി പഞ്ചായത്തുകളും സ്ഥിതി ചെയ്യുന്നു. ശാസ്താംകോട്ട കായല്‍ പഞ്ചായത്തിന്റെ തെക്കേ അറ്റത്തുനിന്നും വടക്കോട്ട് മദ്ധ്യഭാഗം വരെയും പടിഞ്ഞാറോട്ടും വ്യാപിച്ചുകിടക്കുന്നു. വിശാലമായ താഴ്വരകളും കുന്നിന്‍ പുറങ്ങളും കുന്നിന്‍ ചരുവുകളും ഇടകലര്‍ന്ന് കാണപ്പെടുന്ന ഭൂപ്രകൃതിയാണ് ശാസ്താംകോട്ടയുടേത്. ശാസ്താംകോട്ട പഞ്ചായത്തിന്റെ മാത്രമല്ല കേരളത്തിലെ തന്നz പ്രത്യേകതയാര്‍ന്ന ഒരു ജലാശയമാണ് ശാസ്താംകോട്ട കായല്‍. ഇന്ത്യയിലെ നാലാമത്തേതും കേരളത്തിലെ ഏക ശുദ്ധജല തടാകവുമാണ് ഇത്. നാലു വശങ്ങളും ഉയരത്തില്‍ പൊങ്ങിയ കുന്നിന്‍ പ്രദേശങ്ങളും വലിയ ചരിവുകളോടും കൂടിയാണ് കായല്‍ സ്ഥിതിചെയ്യുന്നത്. പഞ്ചായത്തിന്റെ തെക്കെ അറ്റത്ത് 16.76% ത്തോളം വിസ്തൃതിയില്‍ (356.25 ഹെക്ടര്‍) കായല്‍ വ്യാപിച്ചു കിടക്കുന്നു. ഭൂഗര്‍ഭ ശാസ്ത്രത്തില്‍ ലാറ്ററൈറ്റ് എന്നുവിളിയ്ക്കുന്ന ചെങ്കല്ലാണ് ഇവിടത്തെ പ്രധാനപ്പെട്ട ശിലാരൂപം. മഴയെ ആശ്രയിച്ചും കല്ലട ജലസേചനപദ്ധതിയുടെ കനാലുകളെ ഒരു പരിധിവരെ ആശ്രയിച്ചും കൃഷി ചെയ്തു വരുന്ന ഒരു പഞ്ചായത്താണ് ശാസ്താംകോട്ട. പഞ്ചായത്തിന്റെ ജലപ്രകൃതിയില്‍ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഘടകങ്ങളാണ് തെക്ക് കിഴക്ക് ഭാഗത്തു കൂടി ഒഴുകുന്ന കല്ലടയാറും, ശുദ്ധജല തടാകമായ ശാസ്താംകോട്ട കായലും ചേലൂര്‍ കായലും. ഉപരിതലസ്രോതസ്സുകളില്‍ ഏറ്റവും വലിയ മുതല്‍കൂട്ട് ശാസ്താംകോട്ട കായല്‍ തന്നെയാണ്. ശാസ്താംകോട്ട കായലും ചേലൂര്‍ കായലും കൂടിചേര്‍ന്ന് 446.88 ഹെക്ടര്‍ ജലവിഭവം പഞ്ചായത്തില്‍ വ്യാപിച്ചു കിടക്കുന്നു. പഞ്ചായത്തിന്റെ തെക്കുകിഴക്കേ അതിര്‍ത്തിയില്‍ 5.3 കി.മീ. നീളത്തില്‍ കല്ലടയാര്‍ ഒഴുകുന്നു. പ്രധാനമായും 16 തോടുകളാണ് പഞ്ചായത്തിലുള്ളത്. ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് ഒരു കാര്‍ഷിക ഗ്രാമമാണ്. തെങ്ങ്, മരച്ചീനി, വാഴ, നെല്ല് എന്നിവയാണ് മുഖ്യ കൃഷി. പഞ്ചായത്തിന്റെ കിഴക്കും, പടിഞ്ഞാറും മേഖലകളിലായി പത്ത് ഏലകളുണ്ട്. ഇവയെല്ലാം ഇരുപൂനിലങ്ങളാണ്. ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് കൃഷിക്കും മൃഗസംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്കും ഏറ്റവും അനുയോജ്യമായ സ്ഥലമാണ്. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായലും, ചേലൂര്‍ കായലും കൃഷിക്കും മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ ജലലഭ്യത ഉറപ്പാക്കുന്നു. സംയോജിത ഉള്‍നാടന്‍ മത്സ്യ കൃഷിക്കും അനുയോജ്യമാണ് ഇവിടുത്തെ ഭൂപ്രകൃതി. ശാസ്താംകോട്ട ഗ്രാമപഞ്ചായത്തില്‍ മത്സ്യത്തൊഴിലാളികള്‍ ഏറ്റവും കൂടുതല്‍ വസിക്കുന്നത് ആഞ്ഞിലിമൂട് മൂന്നാം വാര്‍ഡിലാണ്. കരുനാഗപ്പള്ളി, വട്ടക്കായല്‍, ആലുങ്കടവ്, കല്ലുകടവ്, കായംകുളം, കൊച്ചി എന്നിവിടങ്ങളില്‍ കായലുകളില്‍ നിന്നാണ് ഇവര്‍ പ്രധാനമായും മത്സ്യബന്ധനം നടത്തുന്നത്. ശാസ്താംകോട്ടയിലെ നല്ല ഒരു വിഭാഗം ആളുകളുടെ ഉപജീവനമാര്‍ഗ്ഗവും മത്സ്യ വിപണനം തന്നെയാണ്.